പത്തനംതിട്ട: മുന്‍ എംഎല്‍എയും കടുത്ത വിഎസ് പക്ഷക്കാരനുമായിരുന്ന കെ.സി. രാജഗോപാല്‍ സിപിഎം നേതൃത്വത്തിനെതിരേ വീണ്ടും പരസ്യ ആരോപണവുമായി രംഗത്ത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മത്സരിച്ച കെ.സി. രാജഗോപാല്‍ 28 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഎം കോഴഞ്ചേരി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെ കാലുവാരിയെന്നും വോട്ടു കുറയാന്‍ ഇതാണ് കാരണമെന്നും രാജഗോപാല്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടാണ് താന്‍ ജയിച്ചുകയറിയതെന്നും അദ്ദേഹം പറഞ്ഞു.
പരസ്യ പ്രസ്താവനയ്ക്കെതിരേ സിപിഎം അണികള്‍ സമൂഹ മാധ്യമങ്ങളിലുടെ കെ.സി. രാജഗോപാലിനെതിരേ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി ഇന്നിപ്പോള്‍ മൂടുതാങ്ങികളുമായാണ് മുന്നോട്ടു പോകുന്നതെന്ന് ആക്ഷേപം ഉയര്‍ത്തിയത്. നേതാക്കളെ സുഖിപ്പിക്കുന്നവര്ക്കു മാത്രമേ പാര്‍ട്ടിയില്‍ നിലനില്പുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
വി.എസ് ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി ഇങ്ങനെ ആകില്ലായിരുന്നില്ല. മൂടുതാങ്ങികളുമായി മുന്നോട്ടുപോയാല്‍ സിപിഎം തകരും. മെഴുവേലിയില്‍ തന്നെ കാലുവാരി തോല്പിക്കാന് ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെപ്പോലുള്ളവര് പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ.സി. രാജഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു.
തന്നെ തോല്പിക്കാന് ശ്രമിച്ചുവെന്നും മെഴുവേലി പഞ്ചായത്തിലെ ഭരണം അട്ടിമറിച്ചുവെന്നുമായിരുന്നു ഏരിയ സെക്രട്ടറിക്കെതിരേയുള്ള രാജഗോപാലിന്റെ ആരോപണം. 75 വയസു പിന്നിട്ട തന്നെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ ഏരിയാ സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചെന്നും ഇക്കൂട്ടര്‍ തന്നെ മെഴുവേലിയില്‍ ഭരണം നഷ്ടമായപ്പോഴും ആഹ്ലാദിച്ചെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
വീണ്ടും പാര്‍ട്ടിക്കെതിരേ കെ.സി. രാജഗോപാല്‍ രംഗതെത്തിയതോടെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. പരാതികള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി ഘടകത്തിലാകണമായിരുന്നു.
രാജഗോപാല്‍ പരാതി നല്കിയാലും ഇല്ലെങ്കിലും പരിശോധിക്കും. മെഴുവേലിയിലെ ഇടതുപക്ഷത്തിന്റെ തോല്‍വി പരിശോധിക്കുകയും തോല്‍വിക്ക് കാരണം കണ്ടെത്തുകയും ചെയ്യും. മെഴുവേലിയില്‍ അദ്ദേഹത്തിന് വോട്ട് കുറഞ്ഞതും പരിശോധിക്കും. വിശദീകരണം തേടണോയെന്നത് ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കും.നാളെ ചേരുന്ന ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും രാജു ഏബ്രഹാം പറഞ്ഞു.